കൊളംബോ: പാക്കിസ്ഥാനെ 23 റണ്‍സിന് വീഴ്ത്തിയാണ് ഏഷ്യാ കപ്പില്‍ ശ്രീലങ്ക ആറാം കിരീടം നേടിയത്. എടുത്തു പറയത്തക്ക സൂപ്പര്‍ താരങ്ങളാരും ഇല്ലെങ്കിലും ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പുറത്തെടുത്ത പോരാട്ടവീര്യം മറ്റു രാജ്യങ്ങളുടെ ആരാധകരുടെ പോലും മനം കവരുന്നതായിരുന്നു. ക്യാച്ചുകള്‍ പറന്നു പിടിച്ചും ബൗണ്ടറികള്‍ വീണ് തടുത്തുമെല്ലാം അവര്‍ ടീം എന്ന നിലയില്‍ പുറത്തെടുത്ത ഒത്തിണക്കവും പോരാട്ടവീര്യവും മറ്റ് ടീമുകള്‍ക്കും മാതൃകയാക്കാവുന്നതായിരുന്നു.
അതിനാല്‍ തന്നെ ഏഷ്യാ കപ്പ് ജയിച്ച് നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. തുറന്ന ബസില്‍ കളിക്കാര്‍ കിരീടവുമായി ലങ്കന്‍ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ ടീം കൊളംബോയില്‍ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നാണ് കളിക്കാരെ സ്വീകരിച്ചത്.
പിന്നീട് ചുവന്ന നിറമുള്ള തുറന്ന ബസില്‍ കളിക്കാര്‍ നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തി. കൊളംബോയില്‍ നിന്ന് കതുനായകയിലേക്കായിരുന്നു ലങ്കന്‍ താരങ്ങളുടെ വിക്ടറി പരേഡ് തുടങ്ങിയത്. കളിക്കാരെ അഭിവാദ്യം ചെയ്യാന്‍ റോഡിന്റെ ഇരുവശത്തും നൂറുകണക്കിന് ആരാധകാരാണ് തടിച്ചു കൂടിയിരുന്നത്.

