ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ശിവഗിരി: ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി. രാഹുലിനെ ഷാള്‍ അണിയിച്ചാണ് ശിവഗിരിമഠം സ്വീകരിച്ചത്.

അതേസമയം, ആദ്യമായാണ് രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്. ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ 10 മിനിറ്റിലേറെ മഠത്തില്‍ ചെലവഴിച്ചു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ‘ക്ഷണിക്കപ്പെടാതെ വന്നു ചേര്‍ന്നതില്‍ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്രു കുടുംബം മുഴുവന്‍ മഠത്തില്‍ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ട്. ശിവഗിരി മഠത്തില്‍ നരേന്ദ്രമോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് മഠത്തിന്റെ നിലപാട്. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്. ഇത് തുടര്‍ന്നാല്‍ ഇനിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.