കോഴിക്കോട്: തെരുവുനായ ശല്യത്തിന് അവയെ കൊന്നുകളയലല്ല പരിഹാരമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്ന് ബീന ഫിലിപ്പ് പറഞ്ഞു. തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി.
ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായ്ക്കൾ. ആ രീതിയിൽ അവയെ കണ്ടു പരിപാലിക്കാൻ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണം. നായ്ക്കളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് കഴിയണമെന്നും മേയർ പറഞ്ഞു.
നായ്ക്കളെ കൊന്നുകളയുകയല്ല ഇപ്പോഴുള്ള പ്രശ്‌നത്തിന് പരിഹാരം. അവരും അവരുടേതായ കർത്തവ്യങ്ങൾ ലോകത്ത് ചെയ്യുന്നുണ്ടെന്നും നമ്മൾ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂവെന്നും മേയർ കൂട്ടിച്ചേർത്തു.
നായകളോടുള്ള അകാരണമായ ഭീതിയിൽ നിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാൻ മനുഷ്യർക്ക് കഴിയണം. അങ്ങനെ ചെയ്യാതെ വരുമ്പോഴാണ് നമുക്ക് മറ്റു മാർഗങ്ങൾ ആലോചിക്കണ്ടി വരുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതും ഷെൽട്ടറിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും ബീനാ ഫിലിപ്പ് വിശദീകരിച്ചു.

