മോസ്‌കോ: കൂടുതൽ എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് റഷ്യ. വില വീണ്ടും കുറച്ചു നൽകാമെന്നും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി രണ്ടു ശതമാനമായിരുന്നത് 18 ആയി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് മാസം ബാരലിന് അന്താരാഷ്ട്ര വിപണിയിൽ 110 ഡോളറുള്ളപ്പോൾ, 16 ഡോളർ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നൽകിയത്. നിലവിൽ ബാരലിന് 30 ഡോളർ കുറച്ചാണ് ഇന്ത്യയ്ക്ക് വിൽക്കുന്നത്. ഇതിൽ ഇനിയും കുറവുണ്ടാകമെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്.
യുക്രൈൻ യുദ്ധത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. ഇതോടെയാണ് റഷ്യ ഇന്ത്യയുമായി അടുത്തത്. എണ്ണ വില നിയന്ത്രിച്ച് നിർത്താൻ ജി7 രാജ്യങ്ങൾ ഊർജ്ജിത ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് റഷ്യ വില കുറച്ച് എണ്ണ നൽകുന്നത് കണക്കിലെടുത്താണ് നടപടി. സംസ്‌കൃത, അസംസ്‌കൃത എണ്ണകൾക്ക് റഷ്യ നിശ്ചിത വില നിലനിർത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കാനഡ, അമേരിക്ക, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ജി7ലുള്ളത്.
അമേരിക്കയുടെ ഉപരോധം അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയ പോലെ തങ്ങളെയും പരിഗണിക്കണമെന്ന് ഇറാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. അമേരിക്ക റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തള്ളിയാണ് ഇന്ത്യ അവരിൽ നിന്ന് എണ്ണ വാങ്ങുന്നത്.

