സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; ഘോഷയാത്ര മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഘോഷയാത്രയോട് അനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിയ്ക്ക് മാനവീയം വീഥിയില്‍ ആരംഭിക്കുന്ന ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. വൈകീട്ട് ഏഴ് മണിയ്ക്ക് ഘോഷയാത്ര സമാപിക്കും.

ഘോഷയാത്രയില്‍ 6 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമാണ് അണി നിരക്കുന്നത്. 10 കലാരൂപങ്ങള്‍ ഇതര സംസ്ഥാനങ്ങളുടേത് ആണ്. കലാരൂപങ്ങള്‍ക്ക് പുറമേ അശ്വാരൂഡ സേനയുടെ ബാന്‍ഡ് മേളവും ഉണ്ടാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്നതാകും ഫ്ളോട്ടുകള്‍.

അതേസമയം, നിശാഗന്ധിയില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ നടന്‍ ആസിഫ് അലി മുഖ്യാതിഥിയാവും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.