കോവിഡ് വൈറസുമായുള്ള പോരാട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല; ഓരോ 44 സെക്കൻഡിലും കോവിഡ് മരണം സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസുമായുള്ള പോരാട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ഓരോ 44 സെക്കൻഡിലും കോവിഡ് മരണം സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥാനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ, ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കോവിഡ് മൂലം ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വൈറസ് അത്ര എളുപ്പത്തിൽ നമ്മെ വിട്ടുപോകില്ല. മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ ഇടയ്ക്കിടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.