തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്ത്ഥിയായിഅന്വര് സാദത്തും മത്സരിച്ചു. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
‘സഭയുടെ ചരിത്രത്തില്‍ സ്പീക്കര്‍മാരുടേത് മികവാര്‍ന്ന പാരമ്പര്യമാണ്. പ്രായത്തെ കടന്നു നില്ക്കുന്ന പക്വത ഷംസീറിനുണ്ട്. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് ഉണ്ടാകും. സ്പീക്കറുടെ ഉത്തരവാദിത്വം ഗവണ്മെന്റ് ബിസിനസുകള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കലുമാണ്. രണ്ടും സമതുലിതമായ വിധത്തില്‍ പാലിച്ചുകൊണ്ട് സഭാ നടപടിക്രമങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പുതിയ സ്പീക്കര്‍ക്കും കഴിയും. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് ഉയരാന്‍ ഷംസീറിന് കഴിയട്ടെ’- എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
അതേസമയം, ഷംസീര്‍ നടന്നു കയറിയത് ചരിത്രത്തിന്റെ പടവുകളിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. വിഖ്യാതമായ ഒരു പാട് നേതാക്കളുടെ മികച്ച പ്രസംഗങ്ങള്‍ ഉണ്ടായ സഭയാണ് കേരള നിയമസഭ. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകുന്നതിനൊപ്പം പ്രതിപക്ഷ അവകാശങ്ങളെയും സ്പീക്കര്‍ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ സ്പീക്കര്‍ എം.ബി രാജേഷിനെയും ഇരുവരും ചേര്‍ന്ന് അഭിനന്ദിച്ചു.

