ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയായി; സൗദിയുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി മടങ്ങുന്നു

റിയാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന സൗദി സന്ദര്‍ശനം പൂര്‍ത്തിയായി. തിങ്കളാഴ്ച്ച രാവിലെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. സൗദി അറേബ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചാണ് എസ്. ജയ്ശങ്കറിന്റെ മടക്കം..

ഇന്നലെ ഉച്ചക്ക് റിയാദില്‍ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുമായും വൈകീട്ടോടെ ജിദ്ദയിലെത്തി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ശനിയാഴ്ച റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്‌റഫുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തേണ്ടതും ചര്‍ച്ചയില്‍ വിഷയമായി. രാഷ്ട്രീയ – സുരക്ഷാ – സാമൂഹിക – സാംസ്‌കാരിക സഹകരണത്തിനുള്ള സംയുക്ത സമിതിയുടെയും അതിനുകീഴിലെ രാഷ്ട്രീയ വിഷയങ്ങള്‍, സുരക്ഷ, സാമൂഹിക – സാംസ്‌കാരിക ബന്ധം, പ്രതിരോധ സഹകരണം എന്നിവക്കായുള്ള വര്‍ക്കിങ് ഗ്രൂപ്പുകളുടെയും യോഗങ്ങളിലും ഇരു വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു.

കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും സൗദിയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഡോ. ഔസാഫ് സഈദ്, സൗദി വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഇന്ത്യയിലെ മുന്‍ സൗദി അംബാസഡറുമായ ഡോ. സഊദ് അല്‍ – സാത്തി, നിലവിലെ അംബാസഡര്‍ സാലെഹ് അല്‍-ഹുസൈനി എന്നിവര്‍ പങ്കെടുത്തു.