മെഡിസെപ് പദ്ധതി; സംശയങ്ങൾ ചോദിക്കാൻ ഇനി നോഡൽ ഓഫീസർമാരും

കാസർകോട്: മെഡിസെപ് പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ ഇനി നോഡൽ ഓഫീസർമാരും. പദ്ധതിയെ കുറിച്ചുള്ള എന്ത് സംശയങ്ങൾ ചോദിക്കാനും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കകൾ പരിഹരിക്കാനും ഇനി നോഡൽ ഓഫിസർമാരും ഉണ്ടായിരിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഘട്ടത്തിലും മുൻകൂറായും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളിൽ നിന്നു ലഭിക്കുന്ന മറുപടികൾ വ്യക്തമല്ലെങ്കിൽ ഉപഭോക്താക്കളായവർക്കെല്ലാം നോഡൽ ഓഫിസർമാരെ ബന്ധപ്പെടാം.

31670 പേരാണ് കാസർകോട് ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. പദ്ധതി ആരംഭിച്ച് രണ്ട് മാസം കൊണ്ട് 3.16 കോടിരൂപ പ്രീമിയം ഇനത്തിൽ ഈടാക്കി. അതേസമയം, ഇതുവരെ ജില്ലയിലെ 164 പേർക്കായി 51.38 ലക്ഷം രൂപ അനുവദിച്ചതായി ഇൻഷുറൻസ് കമ്പനി അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കാണെന്നും 159 തവണകളായി 50.66 ലക്ഷം രൂപയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായി അനുവദിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

എല്ലാ വർഷവും മൂന്ന് ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നൽകുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും. ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് ഉപയോഗിക്കാം.