ന്യൂഡൽഹി: നിയമപരമായി പ്രവർത്തിക്കുന്ന വായ്പാ ആപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി ആർബിഐ. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാനാണ് ആർബിഐയുടെ തീരുമാനം. അനധികൃത വായ്പാ ആപ്പുകളുടെ തട്ടിപ്പുകൾക്ക് ഇരകളാകുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. വിഷയത്തിൽ ചർച്ച നടത്താനായി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും ആർബിഐയിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ആർബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പുകൾക്ക് മാത്രമേ ഇനി മുതൽ അനുമതി ലഭിക്കുകയുള്ളൂവെന്നാണ് വിവരം. ആർബിഐ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞാൽ, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഈ ആപ്ലിക്കേഷനുകൾ മാത്രമെ ലഭ്യമാകൂ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തും. കള്ളപ്പണം വെളുപ്പിക്കൽ, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി അനധികൃത വായ്പാ ആപ്പുകളുടെ മറവിൽ നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും ആർബിഐ നിരീക്ഷിക്കും.
ഓൺലൈൻ ലോൺ ആപ്പുകളുടെ രജിസ്ട്രേഷൻ ഒരു സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. അതിനുശേഷം രജിസ്റ്റർ ചെയ്യാത്ത ഒരു ആപ്പിനും പ്രവർത്തന അനുമതി നൽകരുത് എന്നും കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ, ബാങ്ക് ജീവനക്കാർ, നിയമ നിർവ്വഹണ ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് സൈബർ ബോധവൽക്കരണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ വായ്പാ ആപ്പുകളുടെ പ്രവർത്തനങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ഏജൻസികളോടും ആവശ്യപ്പെട്ടു.

