ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെയും വിലക്കുമെന്ന് മുന്നറിയിപ്പ്‌

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി. അസോസിയേഷനിലെ ഭരണ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നിര്‍ദേശം നല്‍കി. ഈ വര്‍ഷം ഡിസംബറിലെ ഐഓസി എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

ഇത് അവസാന താക്കീതാണെന്നും ഡിസംബറിലും പ്രശ്‌നപരിഹാരമില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് താക്കീത് നല്‍കി. ഏറെക്കാലം ഹോക്കി അസോസിയേഷന്റെയും ഐഒസിയുടെയും അധ്യക്ഷനായി തുടര്‍ന്ന നരീന്ദര്‍ ബത്ര കോടതി ഉത്തരവിനെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ ഭരണപ്രതിസന്ധിയുണ്ടാകുന്നത്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി ഭരണം ഏറ്റെടുത്ത സാഹചര്യത്തില്‍ നേരത്തെ ഫിഫ ഇന്ത്യയെ വിലക്കിയിരുന്നു.

അടുത്ത വര്‍ഷം മെയ് മാസത്തില്‍ മുംബൈയില്‍ നടക്കേണ്ട ഐഓസി എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍/ഒക്ടോബര്‍ വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ 2012ല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്കിയിരുന്നു. ഇതിന് ശേഷം 2014 സോചി വിന്റര്‍ ഗെയിംസോടെയാണ് ഇന്ത്യ മടങ്ങിയെത്തിയത്. 2024ല്‍ പാരീസില്‍ നടക്കുന്ന ഒളിംപിക്‌സിന് മുമ്ബ് ഭരണപ്രതിസന്ധികള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പൂര്‍ണമായും പരിഹരിക്കേണ്ടതുണ്ട്.