തളിപ്പറമ്പ്: കമ്യൂണിസ്റ്റ് പാർട്ടി ഒരു മത വിഭാഗത്തിനും എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എല്ലാ മതവിഭാഗങ്ങളെയും ഒപ്പം നിർത്തി അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന പ്രസ്ഥാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതിനെ വേറെയെവിടെയെങ്കിലും തളച്ചിടാനുള്ള ശ്രമം ആരു നടത്തിയാലും വിജയിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കോഴിക്കോട് ആവിക്കലിൽ മലിനജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർ എല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആ രീതിയിൽ നടക്കുന്ന പ്രചാരണം അത് നടത്തുന്നവരുടെ വർഗീയ നിലപാടിന്റെ ഭാഗമാണെന്നും മത തീവ്രവാദികൾക്കെതിരെ പറയാൻ ഒരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊറാഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

