കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കിൽ നിന്നാണെന്ന നിഗമനത്തിൽ പോലീസ്. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുക. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ തിങ്കളാഴ്ച്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്ന് പോലീസ് നാവിക സേനയ്ക്ക് നിർദ്ദേശം നൽകി.
തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് അറിയിച്ചു. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ‘അൽ റഹ്മാൻ’ എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യനാണ് വെടിയേറ്റത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം നടന്നത്. ചെവിയ്ക്ക് താഴെയാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം.
അതേസമയം, ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേസമയം, അഞ്ച് തോക്കുകൾ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐഎൻഎസ് ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചിൽ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്.

