ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം നൽകി ഹൈക്കമാൻഡ്. 280 അംഗ പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. കെപിസിസി സമർപ്പിച്ച പട്ടിക പൂർണമായും അംഗീകരിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ആദ്യം അയച്ച പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. ഒരു ബ്ലോക്കിൽ നിന്ന് ഒരാൾ എന്ന നിലയിൽ യുവാക്കളെയും വനിതകളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചത്. പുതിയ പട്ടികയിലുള്ള 280 പേർക്കാകും കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിക്കുക. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് വൻ വരവേൽപ്പ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. ജാഥ ചരിത്ര സംഭവമായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിന് മൊത്തത്തിൽ ഒരു ഉണർവ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോൾ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

