ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കണം; നെറ്റ്ഫ്‌ളിക്‌സിന് ജിസിസിയുടെ മുന്നറിയിപ്പ്

റിയാദ്: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് മുന്നറിയിപ്പ് നൽകി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ. ഇസ്ലാമിക മൂല്യങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് ജിസിസിയും സൗദി അറേബ്യ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.

നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്ന ചില ഉള്ളടക്കം ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും കൗൺസിൽ അറിയിച്ചു. നെറ്റ്ഫ്‌ളിക്‌സിലെ ചില ഉള്ളടക്കങ്ങൾ മാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

കുട്ടികൾക്കായുള്ള ഉള്ളടക്കത്തിലും ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ നീക്കം ചെയ്യണമെന്ന ആവശ്യവും കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്.