1988ല്‍ ദൂരദര്‍ശനു വേണ്ടി ബി ആര്‍ ചോപ്ര സൃഷ്ടിച്ച മഹാഭാരതം സീരിയല്‍ ആസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഇന്ത്യന്‍ ആസ്വാദകരെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മഹാഭാരതത്തെ മുന്‍നിര്‍ത്തിയുള്ള സിരീസ് ആണ് അത്.
യുഎസിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡി 23 എക്‌സ്‌പോയിലാണ് സിരീസ് സംബന്ധിച്ച് ഡിസ്‌നിയുടെ പ്രഖ്യാപനം. ഡിസ്‌നിയുടെ ഫാന്‍ ഇവന്റ് ആണ് ഈ പരിപാടി. ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചു കൊണ്ടാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സിരീസ് ഒരുക്കുന്നത്. മഹാഭാരത കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി പറഞ്ഞു.
ഏതെങ്കിലും ഒരു രൂപത്തില്‍ മഹാഭാരത കഥ അറിയുന്ന കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. എന്റെ രാജ്യക്കാരില്‍ ബഹുഭൂരിപക്ഷവും അവരുടെ മുത്തച്ഛന്‍മാരില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നുമാണ് ഈ കഥ കേട്ടിരിക്കുന്നത്. ലോകത്തില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും ഈ ഇതിഹാസ കഥ അറിയാത്തവരായി ഉണ്ട്. ഈ ഗംഭീര ആഖ്യാനം ഒരു ആഗോള പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിക്കുന്നതില്‍ വലിയ അഭിമാനവും സന്തോഷവും ഉണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

