തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് സിപിഎം ആയിരിക്കും. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല വിജയം നേടും. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫ് നേടുന്ന സീറ്റ് വലിയ കരുത്താകും. രാജ്യത്ത് ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. ഭരണ സംവിധാനങ്ങളെ വര്‍ഗീയത ഗ്രസിച്ചു. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പിടിമുറുക്കി. ആര്‍എസ്എസിന്റെ നൂറാംവാര്‍ഷികത്തില്‍ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് അവര്‍. ബിജെപിയെ എതിര്‍ക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കണം.
എല്‍ഡിഎഫ് അടിത്തറ വിപുലീകരിക്കുകയെന്നാല്‍ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരികയെന്നല്ല. ജനപിന്തുണ വര്‍ധിപ്പിക്കുക എന്നതാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ല. ആ പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി എല്‍ഡിഎഫിന്റെ ഭാഗമാക്കും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. കേരള മോഡലെന്നത് അര്‍ഥവത്താക്കും.

