ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു; അമിത് ഷായെ പരിഹസിച്ച് ടീ ഷർട്ട് പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ്. അമിത് ഷായെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് പ്രത്യേക ടി-ഷർട്ട് രൂപകൽപന ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു എന്ന അടിക്കുറിപ്പോടെയാണ് തൃണമൂൽ ടീ ഷർട്ട് പുറത്തിറക്കിയത്. അമിത് ഷായുടെ കാർട്ടൂണും ടീ ഷർട്ടിലുണ്ട്. വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ടീ ഷർട്ടുകൾ തൃണമൂൽ പുറത്തിറക്കിയിട്ടുണ്ട്.

പരിഹാസം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണെന്നും തങ്ങളുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ‘അമിത് ഷാ ഏറ്റവും വലിയ പപ്പു’ എന്ന വാക്യത്തിന് തുടക്കമിട്ടതെന്നും തൃണമൂൽ രാജ്യസഭാ എംപി ഡെറിക് ഒബ്രിയാൻ അറിയിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡായി മാറി. പിന്നീട് അത് ടീ-ഷർട്ടുകളിലും വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ബിജെപി പപ്പു എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഈ വിശേഷണം ഇപ്പോൾ അമിത് ഷായെ പരിഹസിക്കാൻ തൃണമൂൽ ഏറ്റെടുത്തിരിക്കുകയാണ്. ഒക്ടോബർ ആദ്യ വാരത്തിൽ ദുർഗാ പൂജ ആഘോഷങ്ങൾ നടക്കുന്ന ഘട്ടത്തിൽ പപ്പു ടി-ഷർട്ടിന് വൻ പ്രചാരണം നടത്താനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.

നിരവധി തൃണമൂൽ കോൺഗ്രസ് അനുഭാവികൾ അമിത് ഷായെ പരിഹസിച്ചുള്ള ടി-ഷർട്ട് ധരിച്ച ഫോട്ടോകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിന് ഈ പ്രചാരണം ഇഷ്ടപ്പെടണം. അവരുടെ നേതാവിനെ പരിഹസിക്കാൻ ബിജെപി ഈ പദം ഉപയോഗിച്ചു. ഇപ്പോൾ ബിജെപിക്ക് അവരുടെ സ്വന്തം മരുന്ന് തിരിച്ചേൽക്കുകയാണെന്നും ഒബ്രിയാൻ കൂട്ടിച്ചേർത്തു.