തിരുവനന്തപുരം: നാടുകടത്തേണ്ട വിദേശ പൗരന്മാരെ താമസിപ്പിക്കാൻ ട്രാൻസിറ്റ് ഹോമുകൾ ആരംഭിക്കും. ഇവരെ ഇനി ജയിലുകളിലേക്കയക്കില്ല. വീടിനേതിന് സമാനമായ അന്തരീക്ഷത്തിലായിരിക്കും ട്രാൻസിറ്റ് ഹോമുകൾ നിർമ്മിക്കുക. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലായിരിക്കും ഇവ പ്രവർത്തിക്കുക. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായിരിക്കും ട്രാൻസിറ്റ് ഹോമുകൾ നിർമ്മിക്കുക. ട്രാൻസിറ്റ് ഹോമുകളിൽ താമസിപ്പിക്കുന്ന അന്തേവാസികളെ ശിക്ഷിക്കപ്പെട്ട തടവുകാരായിട്ടല്ല പരിഗണിക്കുക.
അന്തേവാസികളുടെ സുരക്ഷയും ജീവിത നിലവാരവും നിലനിർത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ട്രാൻസിറ്റ് ഹോമുകളിൽ ഉണ്ടാകും. തടവുകാരായ വിദേശ പൗരന്മാർക്കായി ട്രാൻസിറ്റ് ഹോമുകളോ തടങ്കൽ കേന്ദ്രങ്ങളോ ഹോൾഡിംഗ് സെന്ററുകളോ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെത്തുടർന്നാണ് ട്രാൻസിറ്റ് ഹോം നിർമ്മിക്കാൻ തീരുമാനിച്ചത്.
ട്രാൻസിറ്റ് ഹോമുകളിൽ എ സി, ജനറേറ്റർ സഹിതമുള്ള വൈദ്യുതി, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിനിമയ സൗകര്യങ്ങൾ, ഷെഫും അടുക്കളയും, ലോക്കർ, കുടുംബാംഗങ്ങളെ കാണാനും സ്വന്തം രാജ്യവുമായി ബന്ധപ്പെടാനുമുള്ള സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തും. അന്തേവാസികളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ സമിതി രൂപീകരിക്കും. 18 വയസ്സുവരെയുള്ള കുട്ടികളെ അമ്മമാരോടൊപ്പം തന്നെ താമസിപ്പിക്കും.

