ബ്രസ്സൽസ്: റഷ്യയിൽ നിന്നും വാങ്ങുന്ന എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വിലനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും വാങ്ങുന്ന എണ്ണയ്ക്കാണ് വില നിയന്ത്രണം ഏർപ്പെടുന്നത്. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ താക്കീത്.
യൂറോപ്പിൽ എണ്ണ, പ്രകൃതിവാതക വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പ്രകൃതി വാതക, എണ്ണ വിലകൾ നിയന്ത്രിച്ചില്ലെങ്കിൽ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലാണ് യൂറോപ്പ് ഇപ്പോൾ. ഇതിനിടെയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ നടപടി. എന്നാൽ, വില നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം നടത്തിയാൽ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം പൂർണ്ണമായും നിർത്തുമെന്ന് റഷ്യ താക്കീത് നൽകി. വ്ളാഡിവോസ്റ്റോക്കിൽ സാമ്പത്തിക ഫോറം യോഗത്തിൽ എത്തിയപ്പോഴാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.
റഷ്യയിൽ നിന്നാണ് യൂറോപ്പിന് ആവശ്യമായ 40 ശതമാനം പ്രകൃതിവാതകവും 30 ശതമാനം എണ്ണയും വരുന്നത്. റഷ്യ പൂർണ്ണമായും പ്രകൃതിവാതകവും എണ്ണയും വിതരണം ചെയ്യുന്നത് നിർത്തിയാൽ യൂരോപ്പിൽ ഉണ്ടാകുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

