തൃശൂരിൽ പുലിക്കളി നാളെ തന്നെ നടത്തും; തീരുമാനം വ്യക്തമാക്കി സംഘങ്ങൾ

തൃശ്ശൂർ: തൃശ്ശൂരിൽ നാളെ തന്നെ പുലിക്കളി നടത്താൻ തീരുമാനിച്ച് സംഘങ്ങൾ. നാളെ നടക്കാനിരുന്ന പുലിക്കളി മാറ്റി വയ്‌ക്കേണ്ടതില്ലെന്നാണ് തൃശ്ശൂരിലെ സംഘങ്ങളുടെ തീരുമാനം. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുലിക്കളി സംഘം തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ ഓദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ നാളത്തെ പുലിക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് സംഘങ്ങൾ വ്യക്തമാക്കി. അതേസയം, പുലിക്കളി നാളെ തന്നെ നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുകയും ചെയ്തു. പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുലിക്കളി നാളെ തന്നെ നടത്താൻ സംഘം തീരുമാനിച്ചത്.

അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം കലാകാരന്മാരാണ് പുലിക്കളിയിൽ പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.