ന്യൂഡൽഹി: കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസ് സിരിജഗൻ കമ്മിഷനാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിഷയത്തിൽ പരിഹാരം നിർദ്ദേശിച്ച് ഈ മാസം 28ന് സുപ്രീം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ഉൾപ്പെടെ എല്ലാ കക്ഷികളും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
താനും നായ്ക്കളെ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. അതേസമയം, സർക്കാർ മുനിസിപ്പൽ, പഞ്ചായത്ത് നിയമങ്ങളനുസരിച്ച് അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടു. പേ വിഷ വാക്സിൻ സ്വീകരിച്ച കുട്ടികൾ വരെ മരിക്കുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വി.കെ. ബിജുവും കോടതിയെ അറിയിച്ചു.
എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മൃഗ സ്നേഹികളുടെ അഭിഭാഷകൻ പറഞ്ഞത്. പേ വിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ കേന്ദ്ര ചട്ടം പാലിച്ച് കൊന്ന് കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചു. തെരുവ് നായകളെ പരിപാലിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അത് ചെയ്യാം. എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണം. നായ്ക്കളെ പോറ്റുന്നവർ അവയ്ക്ക് വാക്സിനേഷൻ ഉറപ്പാക്കണം. ആരെയെങ്കിലും ആക്രമിച്ചാൽ ചികിത്സാച്ചെലവ് വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

