ജാതി വേര്‍തിരിവ് തടയാന്‍ പ്രായോഗിക ശ്രമങ്ങള്‍ വേണമെന്ന് ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ വി. മുരളീധരന്‍

ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷ ദിനത്തില്‍ ശിവഗിരി മഠത്തില്‍ നടന്ന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തിയാണ് ശിവഗിരി മഠത്തിലെ ജയന്തി ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.

മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്തു പ്രസക്തമാണെന്നും, ജാതി വേര്‍തിരിവ് തടയാന്‍ പ്രായോഗിക ശ്രമങ്ങള്‍ വേണമെന്നും വി. മുരളീധരന്‍ പറഞ്ഞു. ‘ശ്രീ നാരായണ ഗുരുവിന്റെ ആദര്‍ശങ്ങളുടെ പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചെമ്പഴന്തിയിലെ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഗുരു ജനിച്ച ചെമ്പഴന്തിയില്‍ വിശേഷാല്‍ സമാരാധന ചടങ്ങുകള്‍ നടന്നു. ഗുരുവിന്റെ ആദര്‍ശങ്ങള്‍ എക്കാലവും ജ്വലിച്ചു നില്‍ക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെമ്പഴന്തിയിലെ പൊതു സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ശിവഗിരി മഠത്തില്‍ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും. ഗുരുദേവന്‍ ഹ്രസ്വയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന പവിത്രമായ റിക്ഷ പ്രത്യേകരഥത്തില്‍ ഘോഷയാത്രയില്‍ എഴുന്നള്ളിക്കുകയും ചെയ്യും.