ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാട്; കേന്ദ്ര നിലപാടിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി

ന്യൂഡൽഹി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമോപദേശം തേടിയത്. കേന്ദ്രം പുനഃപരിശോധന ഹർജിയാണ് നൽകിയത് എന്നാണ് ധരിച്ചിരുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സുപ്രീംകോടതി വിധി കേന്ദ്രം സ്വാഗതം ചെയ്തതായാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുവേ സംശയം തീർക്കാൻ മാത്രമാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടും കേന്ദ്ര നിലപാടും തമ്മിൽ വ്യത്യാസം ഉണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് എജിയും സുപ്രീം കോടതി അഭിഭാഷകരുമായും ചർച്ച ചെയ്യുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അതേസമയം കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ മന്ത്രി തള്ളി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിഷേങ്ങളാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറഞ്ഞു.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം ബഫർസോണായി നിലനിർത്തണമെന്ന ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകിയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിധി പുനഃപരിശോധിക്കണം എന്ന നിർദ്ദേശം ഹർജിയിൽ ഇല്ല എന്ന വിവരം പിന്നീട് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.