പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബീഹാറിലെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷന്‍ഗഞ്ച്, നളന്ദ, ജെഹാനാബാദ് ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്.
‘വിരമിച്ച ജാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയില്‍ പട്നയിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍ നിന്നും ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു. ഇവര്‍ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. രണ്ട് പേരും ഐഡന്റിറ്റി മറച്ചാണ് ബീഹാറിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്നത്. ‘ഇന്ത്യ 2047: ടുവേര്‍ഡ് റൂള്‍ ഓഫ് ഇസ്ലാമിക് ഇന്ത്യ’, ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, 20 ഫെബ്രുവരി, 2021’ എന്നീ ലഘുലേഖകളും കണ്ടെത്തിയെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, 2015ല്‍ പിഎഫ്ഐ ദര്‍ഭംഗ ജില്ലാ പ്രസിഡന്റുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അന്നുമുതല്‍ സംഘടനയുമായി ബന്ധമുണ്ടെന്നും ജലാലുദ്ദീന്‍ സമ്മതിച്ചതായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നേരത്തെ പറഞ്ഞിരുന്നു. 2006-ല്‍ കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്.

