ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരസ്പരം വാക്കേറ്റമുണ്ടാക്കിയതിനെ തുടര്‍ന്ന് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്ക് പിഴ ശിക്ഷ വിധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. മത്സരത്തിലെ പ്രതിഫല തുകയുടെ 25 ശതമാനം പിഴയായി നല്‍കണമെന്നാണ് ഐസിസിയുടെ ഉത്തരവ്.
മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിനെ സിക്‌സറിന് പറത്തി പാക് താരം ആസിഫ് അലി ആഹ്ലാദ പ്രകടനം നടത്തി. തൊട്ടടുത്ത പന്തില്‍ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച ആസിഫിനെ ഫരീദ് കരീം ജനാതിന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന് തിരികെ ആഹ്ലാദ പ്രകടനം നടത്തിയ ഫരീദിന് നേരെ പ്രകോപിതനായ ആസിഫ് ബാറ്റുമായി തല്ലാന്‍ പാഞ്ഞടുക്കുകയായിരുന്നു. ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് അഫ്ഗാന്‍ താരങ്ങളും അമ്ബയര്‍മാരും ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റി പ്രശ്‌നം പരിഹരിച്ചു. അത്യന്തം ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ മത്സരത്തില്‍, ഒടുവില്‍ ഒരു വിക്കറ്റിന് പാകിസ്താന്‍ ജയിക്കുകയായിരുന്നു.
എന്നാല്‍ വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം നടത്തിയെ പാകിസ്താന്‍ ടീമിന്റെ അതേ ആവേശം പാക് ആരാധകരും ഏറ്റെടുത്തു. നിരാശരായ അഫ്ഗാന്‍ ആരാധകര്‍ക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങളുമായി പാകിസ്താന്‍ ആരാധകര്‍ പാഞ്ഞടുത്തു. ഇതോടെ നിയന്ത്രണം വിട്ട അഫ്ഗാന്‍ ആരാധകര്‍ പാക് ആരാധകരെ വളഞ്ഞിട്ട് തല്ലി. അരിശം തീരാതെ സ്റ്റേഡിയത്തിലെ കസേരകള്‍ ഇളക്കിയെടുത്ത് തല്ലുന്ന അഫ്ഗാന്‍ ആരാധകരില്‍ നിന്നും ഓടി രക്ഷപ്പെടുന്ന പാകിസ്താന്‍ ആരാധകരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

