ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിന്റെ വില 41,000 രൂപയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. 41,000 രൂപ വിലവരുന്ന ടീഷർട്ടിന്റെ ചിത്രം സഹിതം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബിജെപി ഇക്കാര്യം അറിയിച്ചത്. ഭാരതമേ കാണൂ എന്ന തലക്കെട്ടോടെയാണ് ബിജെപി ചിത്രം ഷെയർ ചെയ്തിട്ടുള്ളത്.
ബർബറി എന്ന കമ്പനിയുടെ ഡിസൈനർ ടീഷർട്ടാണ് രാഹുൽ ധരിക്കുന്നതെന്നും ബിജെപി പറയുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയിലാണ് രാഹുലിപ്പോൾ. എന്നാൽ, ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്താണ് ബിജെപിക്ക് ഇത്ര ഭയമെന്ന് കോൺഗ്രസ് ചോദിക്കുന്നു. രാഹുലിന്റെ യാത്രയിലെ ജനപങ്കാളിത്തം കണ്ടാണോ ഭയമെന്നും കോൺഗ്രസ് ചോദിച്ചു.
വസ്ത്രത്തിന്റെ വിലയാണ് ബിജെപിക്ക് ചർച്ച ചെയ്യേണ്ടതെങ്കിൽ മോദിയുടെ പത്ത് ലക്ഷത്തിന്റെ കോട്ടും ഒന്നരലക്ഷത്തിന്റെ കണ്ണടയും ചർച്ചചെയ്യാം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മുന്നോട്ടുവെക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി പറയാതെ അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

