സെഞ്ച്വറി തിളക്കത്തില്‍ കോഹ്ലി; ഏഷ്യകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 101 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. കോഹ്ലിയുടെ അതിഗംഭീര ഇന്നിങ്സില്‍ റണ്‍മല തീര്‍ത്ത ഇന്ത്യക്കെതിരെ പിടിച്ചു നില്‍ക്കാന്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്കായില്ല. 213 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്‍ ബാറ്റിങ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സിന് അവസാനിച്ചു.

ആദ്യ ഓവറുകളില്‍ തന്നെ അടിതെറ്റിയ അഫ്ഗാന്‍ നിരയില്‍ നിന്ന് 21 റണ്‍സെടുക്കുന്നതിന് മുന്‍പ് ആറ് പേരാണ് കൂടാരം കയറിയത്. നിന്നവരെയും വന്നവരെയും കാലുറപ്പിക്കുന്നതിന് മുന്‍പേ ഭുവനേശ്വര്‍ കുമാര്‍ തിരികെ അയച്ചു. അഞ്ച് വിക്കറ്റാണ് ഭുവനേശ്വര്‍ നേടിയത്. നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി അഫ്ഗാന്‍ നിരയുടെ എല്ലൊടിച്ചത്. രണ്ടാം തവണയാണ് ഭുവി ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. 2018ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. പുറത്താകാതെ നിന്ന ഇബ്രാഹീം സര്‍ദാര്‍ (64) മാത്രമാണ് അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. റാഷിദ് ഖാന്‍ (15), മുജീബുറഹ്മാന്‍ 18 റണ്‍സെടുത്ത് സര്‍ദാരിന്റെ കൂടെ ചേര്‍ന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കോഹ്ലിയുടെ മിന്നും സെഞ്ച്വറിയുടെ കരുത്തിലാണ് അഫ്ഗാനിസ്താനെതിരെ ഇന്ത്യ 212 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. പതിയെ തുടങ്ങി ആളിക്കത്തുകയായിരുന്നു കോഹ്ലി. 32 പന്തില്‍ അര്‍ധസെഞ്ച്വറി കടന്ന ശേഷം 29 പന്തിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പാഞ്ഞ സുന്ദരമായ 12 ബൗണ്ടറികളും ഗാലറിയിലേക്ക് അളന്നുമുറിച്ചു തൊടുത്തുവിട്ട ആറ് സിക്സും ആ ഇന്നിങ്സിന് മിഴിവേകി. കരുതലോടെയാണ് രാഹുലും കോഹ്ലിയും തുടങ്ങിയത്. എന്നാല്‍, പതിയെ നിലയുറപ്പിച്ച് അപകടകാരിയാകാനുള്ള സൂചനകള്‍ തുടക്കം മുതലേ കോഹ്ലി കാണിച്ചുതുടങ്ങിയിരുന്നു. അഫ്ഗാന്റെ തുറുപ്പുചീട്ടായ സ്പിന്നര്‍ മുജീബുറഹ്മാനെ ഒരു ഓവറില്‍ തുടരെ ബൗണ്ടറിയും സിക്സും പറത്തിയായിരുന്നു കോഹ്ലിയുടെ മുന്നറിയിപ്പ്. സ്വന്തം സ്‌കോര്‍ 30 കടന്നതോടെ ആക്രമണം കടുപ്പിച്ചു. 32 പന്തില്‍ അര്‍ധ സെഞ്ച്വറിയും കടന്നതോടെ രൗദ്രഭാവമായി കോഹ്ലിക്ക്. ഒരുവശത്ത് കരുതലോടെ കളിച്ച് രാഹുലും അര്‍ധസെഞ്ച്വറി കടന്നു. അധികം വൈകാതെ ഫരീദ് അഹ്മദിന്റെ പന്തില്‍ നജീബുല്ല സദ്റാന് ക്യാച്ച് നല്‍കി രാഹുല്‍ മടങ്ങി. 41 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 62 റണ്‍സുമായാണ് നായകന്റെ മടക്കം. പിന്നാലെയെത്തിയ സൂര്യ കുമാര്‍ യാദവ് ആദ്യ പന്തില്‍ തന്നെ കിടിലന്‍ സിക്സറുമായി ഞെട്ടിപ്പിച്ചെങ്കിലും തൊട്ടടുത്ത ഫരീദിന്റെ പന്ത് ബാറ്റില്‍ തട്ടി കുറ്റിയും പിഴുതാണ് പോയത്.

നാലാമനായെത്തിയ ഋഷഭ് പന്ത് ഒരിക്കല്‍കൂടി തപ്പിത്തടയുന്നതാണ് കണ്ടത്. എന്നാല്‍, മറുവശത്ത് അഫ്ഗാന്റെ ഒരു ബൗളര്‍മാരെയും വിടാതെ ആക്രമക്കുകയായിരുന്നു കോഹ്ലി. ഒടുവില്‍ ഫരീദ് അഹ്മദിന്റെ ഓവറില്‍ കൂറ്റല്‍ സിക്സറിലൂടെ ആ അപൂര്‍വ നിമിഷം സംഭവിച്ചു. കാത്തുകാത്തിരുന്ന സെഞ്ച്വറി. അഫ്ഗാന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ഫസലുല്‍ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ തുടരെ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടിച്ചെടുത്ത് ഇന്ത്യന്‍ ടോട്ടല്‍ 212ലേക്ക് ഉയര്‍ത്തിയാണ് കോഹ്ലി പന്തി(20)നൊപ്പം പവലിയനിലേക്ക് മടങ്ങിയത്.