സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകളും, വെറും 30 വന്ധ്യംകരണ കേന്ദ്രങ്ങളും; റിപ്പോര്‍ട്ട്

തിരുവല്ല: മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. എന്നാല്‍, നിലവില്‍ 30 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. പുതിയ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ മാത്രമെ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കാന്‍ കഴിയൂ.

അതേസമയം, 2030 ആവുന്നതോടെ പേ വിഷബാധ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പരിശോധനയ്ക്ക് വിധേയമാക്കുന്ന നായകളില്‍ 52 ശതമാനത്തിനും പേ വിഷ ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വന്ധ്യംകരിച്ച് തെരുവ് നായകളുടെ എണ്ണം കുറയ്ക്കുക സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ കടമ്പയാണ്. പുതുക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) കര്‍മ്മപദ്ധതി പ്രകാരം വന്ധ്യംകരണത്തിന് ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കണം. ഇതിന് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ കൂടാതെ ചികിത്സാ യൂണിറ്റ്, സ്റ്റോര്‍, സിസി ടിവി, എയര്‍ കണ്ടീഷണര്‍, കിച്ചണ്‍ എന്നിവയടക്കമുള്ള സൗകര്യമൊരുക്കണം.

ആരോഗ്യ, തദ്ദേശ സ്ഥാപന, മൃഗസംരക്ഷണവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയെങ്കിലും അതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലാത്തതും നിയമകുരുക്കുമാണ് കാരണം. എന്നാല്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം തെരുവ് നായകളെ വന്ധ്യംകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വ്യക്തമാക്കുന്നത്.