വികസന കാര്യത്തില്‍ പിണറായിക്ക് അധികാരത്തിന്റെ ഹുങ്ക്: കെ. മുരളീധരന്‍ എം.പി

തിരുവനന്തപുരം: കെ-റെയില്‍ പാത മംഗലാപുരം വരെ നീട്ടി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി ആരോപിച്ചു.

കെ. മുരളീധരന്റെ വാക്കുകള്‍

‘നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് സിപിഎം-ബിജെപി ധാരണ മുന്നില്‍ക്കണ്ടാണ്. മൂന്നാഴ്ചത്തെ മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടിയാലും സമരത്തില്‍ നിന്ന് പിന്മാറില്ല. കോണ്‍ഗ്രസ്, സമരം താല്‍ക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്ര തിരുവനന്തപുരം കഴിഞ്ഞ ശേഷം സമരം ശക്തമാക്കും. പദ്ധതി ഉപേക്ഷിച്ചു എന്ന് പറയും വരെ സമരം തുടരും. സില്‍വര്‍ലൈനിനായി കുറ്റിയടിച്ച സ്ഥലങ്ങളില്‍ ആളുകള്‍ ദുരിതത്തിലാണ്. ലോണ്‍ കിട്ടുന്നില്ല, സ്ഥലം വില്‍ക്കാനാകുന്നില്ല. കമ്മീഷന്‍ പറ്റാനുള്ള ഏര്‍പ്പാട് മാത്രമാണ് സില്‍വര്‍ലൈന്‍. മുഖ്യമന്ത്രിക്കെതിരായ കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ പിന്‍മാറ്റാന്‍ ശ്രമം നടക്കുകയാണ്. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കുകയല്ല, പാക്കേജ് നടപ്പിലാക്കുകയാണ് വേണ്ടത്. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയത്. അന്ന് മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തിയാണ് തുടങ്ങിയത്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമായിരുന്നു. വികസന കാര്യത്തില്‍ പിണറായിക്ക് അധികാരത്തിന്റെ ഹുങ്കാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നില്ല. ഇതാണ് വിഴിഞ്ഞത്ത് ബിഷപ്പുമാരെ വരെ സമരത്തിനിറക്കിയത്.’