മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ മുകളിൽ ആരും വരരുതെന്ന മനോഭാവമാണ് സിപിഎമ്മിന്; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് മുൻ മന്ത്രി കെ കെ ശൈലജയെ വിലക്കിയ സിപിഎം നടപടിക്കെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ മുകളിൽ ആരും വരരുതെന്ന മനോഭാവമാണ് സിപിഎമ്മിനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കെ കെ ശൈലജയോട് സിപിഎമ്മിന് പ്രത്യേക കാഴ്ചപ്പാടാണ്. അതാണ് അവാർഡ് സ്വീകരിക്കരുതെന്ന് പറയാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിൽ തിളങ്ങിയ നക്ഷത്രം കെ കെ ശൈലജയാണെന്ന് സിപിഎം തന്നെ പറഞ്ഞ് നടന്നിരുന്നു. അത്തരത്തിലുള്ള ഒരാളെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാക്കിയില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത ഇടത് സർക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്. അതിന്റെ അവസാനത്തെ അധ്യായമാണ് അവാർഡ് വാങ്ങുന്നത് വിലക്കിയ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും അഴിമതിയുണ്ട്. ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തിയാൽ എല്ലാവരും കുടുങ്ങും. കഴിഞ്ഞ അഞ്ച് വർഷത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.