ന്യൂഡൽഹി: നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കെ കെ ശൈലജയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ശൈലജയെ മാഗ്സസെ പുരസ്കാരത്തിന് പരിഗണിച്ചെങ്കിൽ അഭിനന്ദനാർഹം. പുരസ്കാരം നിരസിച്ചതിന്റെ രാഷ്ട്രീയത്തെ കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ല. എന്നാൽ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിച്ച് തന്റെ അധികാരം വിനിയോഗിക്കും. ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ, ഏറെ വിവാദങ്ങളുണ്ടാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ അടക്കം 12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ബില്ലുകളിൽ ഗവർണർ നിയമോപദേശം തേടുമെന്നാണ് റിപ്പോർട്ടുകൾ.

