തിരുവനന്തപുരം: കേരളത്തിന് ലഭിച്ച ഓണസമ്മാനമാണ് ഐഎൻഎസ് വിക്രാന്തെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. പാകിസ്താനും ചൈനയും ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ഐഎൻഎസ് വിക്രാന്തിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കപ്പലിന്റെ നിർമ്മാണം തുടങ്ങിവയ്ക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു വിമാനവാഹിനിക്കപ്പൽ കൂടി കൊച്ചിൻ ഷിപ്യാഡിൽ നിർമ്മിക്കാൻ യുപിഎ സർക്കാർ അനുമതി നൽകിയിരുന്നു. ഇത് നടപ്പിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പലാണ് വിക്രാന്ത്. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു നടപടി.
1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് പേരിട്ടത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ നിർമ്മിച്ച കപ്പൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ഏറ്റവും വലിയ കപ്പലാണ്. 28 നോട്ടിക്കൽ മൈൽ വേഗതയിൽ വിക്രാന്തിന് സഞ്ചരിക്കാൻ കഴിയും. 18 നോട്ടിക്കൽ മൈൽ വേഗതയിൽ 7,500 മൈൽ ദൂരം സഞ്ചരിക്കാനും കഴിയും.

