കണ്ണൂര്‍: നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷംസീറിന്റെ പ്രതികരണം
‘ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ട്. സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണ് തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോള്‍ ശ്രീരാമകൃഷ്ണനും പിന്നീട് എം.ബി.ആറുമായിരുന്നു സ്പീക്കര്‍. ഇരുവരും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും. പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടര്‍ച്ച കിട്ടിയത്. അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. മന്ത്രിയാകുന്നത് സംബന്ധിച്ച് വന്നത് ഊഹാപോഹങ്ങളാണ്. പ്രതിപക്ഷം നിയമസഭയ്ക്കകത്തെ നിര്‍ണായക ശക്തിയാണ്. അംഗങ്ങളുടെ എണ്ണത്തില്‍ അവരെ കുറച്ചുകാണാന്‍ കഴിയില്ല. നിയമസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമമുണ്ടായാല്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കും. അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം നോക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന എല്ലാവരേയും ഒരുമിപ്പിക്കും.’

