കണ്ണൂര്‍: യാത്രാ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചു. ‘ക്ഷമാപണം എഴുതി നല്‍കാത്തതിനാലാണ് ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നത്. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം’- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും, കേസ് നിയമപരമായി നേരിടുമെന്നും ജയരാജന്‍ വ്യക്തമാക്കി. ‘നേതാക്കളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ? പ്രതിയായത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎല്‍എമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയില്‍ പതിഞ്ഞില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
ജെന്‍ഡര്‍ യൂണിഫോം വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സര്‍ക്കാര്‍ അത് അംഗീകരിച്ചുകൊടുത്തതെന്നും സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

