വെള്ളപ്പൊക്കം; പാകിസ്ഥാനിലേക്ക് സഹായം നല്‍കാന്‍ മടിക്കരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍

ഇസ്ലാമാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും നേരിടുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ മരണസംഖ്യ 1,200 കടന്നതോടെ ഇനിയും ഉറക്കം നടിക്കരുതെന്ന് ലോക രാജ്യങ്ങളോട് യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ അഭ്യര്‍ത്ഥന. ചൈന, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, ഉസ്ബെക്കിസ്ഥാന്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ പാകിസ്ഥാന് സഹായം ലഭിച്ചത്. പ്രളയബാധിതര്‍ക്ക് 30 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നുള്ള ഒമ്ബതാമത്തെ വിമാനവും ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള ആദ്യ വിമാനവും കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ ഇറങ്ങിയിരുന്നു.

അതേസമയം, ഗ്രാമീണ മേഖലകളില്‍ കഴിയുന്നവരുടെ നില വളരെ ദയനീയമാണ്. പാകിസ്ഥാനിലെ ഏറ്റവും ചൂടേറിയ പ്രദേശമായിരുന്ന സിന്ധിലെ ചില ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. ബലൂചിസ്ഥാന്‍, സിന്ധ് തുടങ്ങിയ പ്രദേശങ്ങളില്‍ ശരാശരി മഴയില്‍ 400% വര്‍ധനയുണ്ടായെന്നും ഇത് അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായെന്നുമാണ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരും വിദഗ്ദരും വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കം കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാകിസ്ഥാന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്.

രാജ്യം വെള്ളപ്പൊക്കം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ വിദേശയാത്രകള്‍ മാറ്റി വച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം.