എം ബി രാജേഷ് മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്പീക്കർ എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരക്കാരനായി രാജേഷിനെ തെരഞ്ഞെടുത്തത്. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശം, എക്‌സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുക. ചൊവ്വാഴ്ചയാണു രാജേഷിന്റെ സത്യപ്രതിജ്ഞ.

ലോക്‌സഭാ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ട രാജേഷിനെ സിപിഎം ഏൽപ്പിച്ച വെല്ലുവിളിയായിരുന്നു തൃത്താലയിലെ സ്ഥാനാർത്ഥിത്വം. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹം വിജയിച്ചു. വി ടി ബൽറാമിനെ അദ്ദേഹം പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലത്തിൽ വിജയിച്ചത്. തുടർന്നാണ് അദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുത്തത്്.

രാഷ്ട്രീയ വിവാദങ്ങളിൽ എപ്പോഴും കരുതലോടെ പ്രതികരിച്ചിരുന്ന നേതാവാണ് അദ്ദേഹം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജേഷ്.