മങ്കിപോക്‌സ് വ്യാപനം വർദ്ധിക്കുന്നു; ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 50,496 കേസുകൾ

ജനീവ: മങ്കിപോക്‌സ് വ്യാപനം വർദ്ധിക്കുന്നു. മങ്കിപോക്‌സ് കേസുകൾ ആഗോളതലത്തിൽ അമ്പതിനായിരം കടന്നുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 50,496 മങ്കിപോക്‌സ് കേസുകളും പതിനാറു മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജർമനി, നെതർലാന്റ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് കേസുകൾ വർധിക്കുന്നുണ്ടെന്നും ഉടനടി രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോ ഗബ്രീഷ്യസ് പറഞ്ഞു.

അമേരിക്ക( 17,994), സ്‌പെയിൻ (6,543), ബ്രസീൽ(4,693), ഫ്രാൻസ്(3,547), ജർമനി(3,467), ബ്രിട്ടൻ(3,413), പെറു(1,463), കാനഡ(1,228), നെതർലാന്റ്‌സ്(1,160) എന്നിവയാണ് വിവിധ രാജ്യങ്ങളെ നിലവിലെ രോഗബാധിതരുടെ കണക്കുകൾ. നിലവിൽ നൈജീരിയയിൽ നാലും ഘാനയിൽ മൂന്നും സ്‌പെയിനിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ രണ്ടുവീതവും ബ്രസീൽ, ബെൽജിയം, ഇക്വഡോർ, ഇന്ത്യ, ക്യൂബ എന്നിവിടങ്ങളിൽ ഓരോന്നു വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980 ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ, കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

സാധാരണഗതിയിൽ കുരങ്ങുപനിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു.

വൈറൽ രോഗമായതിനാൽ കുരങ്ങുപനിയ്ക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്ക് വാക്സിനേഷൻ നിലവിലുണ്ട്. മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.