ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല; ഇന്ദു മൽഹോത്രയുടെ പരമാർശത്തിനെതിരെ മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി വെയ്ക്കുന്നുവെന്നുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശത്തിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇന്ദുമൽഹോത്രയയുടെ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ദു മൽഹോത്ര നടത്തിയത് അനുചിതമായ പരാമർശമാണ്. സംസ്ഥാനത്ത് ഉള്ളത് അഞ്ച് ദേവസ്വം ബോർഡുകളാണ്. ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോർഡുകളേയും സഹായിക്കുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം നിയമസഭയിൽ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 450 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. ശബരിമല തീർത്ഥാടകർക്ക് അഞ്ച് ഇടത്താവളം ഉണ്ടാക്കാൻ 118 കോടി രൂപ കിഫ്ബി വഴി അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെയും ദേവസ്വം ബോർഡുകളേയും സംരക്ഷിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കമ്മൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും ക്ഷേത്ര വരുമാനമാണ് ലക്ഷ്യം വച്ചിരുന്നതെന്നുമായിരുന്നു ഇന്ദു മൽഹോത്രയുടെ വെളിപ്പെടുത്തൽ. താനും ജസ്റ്റിസ് യു.യു ലളിതും പദ്മനാഭസ്വാമി ക്ഷേത്ര കേസിൽ ഇത്തരമൊരു ശ്രമം തടഞ്ഞതായും ഇന്ദു മൽഹോത്ര പറയുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം കാരണം കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അവ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. വരുമാനമാണ് അവരുടെ പ്രശ്‌നം. എല്ലായിടത്തും ഹിന്ദു ക്ഷേത്രങ്ങൾ മാത്രം അവർ ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് താനും ലളിതും പറഞ്ഞു, തങ്ങൾ ഇതനുവദിക്കില്ലെന്ന് ഇന്ദു മൽഹോത്ര വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലായിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി പരാമർശിച്ചായിരുന്നു ഇവരുടെ വാക്കുകൾ. ഈ ബെഞ്ചിൽ ഇപ്പോൾ ചീഫ് ജസ്റ്റിസായ യു.യു ലളിതും ഇന്ദു മൽഹോത്രയും ഉൾപ്പെട്ടിരുന്നു.