തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റു മരണം സംഭവിച്ച സാഹചര്യത്തില്‍ വാക്സിന്റെ ഗുണനിലവാരപരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സമിതിയെ നിയോഗിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്.
വാക്സിന്‍വിതരണം കൃത്യമായി നടക്കുന്നില്ലെന്നും ഗുണനിലവാരം കുറഞ്ഞതാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം, ഇക്കൊല്ലം നായയുടെ കടിയേറ്റ് മരിച്ചവരില്‍ നാലുപേര്‍ വാക്സിന് എടുത്തവരായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വ’ാക്സിന്‍ പ്രവര്‍ത്തിക്കുംമുമ്പേ വൈറസ് തലച്ചോറില്‍ എത്തിയതാണ് മരണകാരണം. സെന്‍ട്രല്‍ ഡ്രഗ്സ് ലാബിന്റെ സര്‍ട്ടിഫിക്കേഷനുള്ള മരുന്നുമാത്രമാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. ഇത്തരത്തില്‍ വാങ്ങിയ 50,000 വയല്‍ വാക്സിന് പിന്‍വലിച്ചിട്ടില്ല. വീണ്ടും സര്ട്ടിഫിക്കേഷന് നടത്താനായി കമ്പനിക്കയച്ചുവെങ്കിലും ഗുണനിലവാര പരിശോധന നടത്തിയതാണെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന് മടക്കിത്തന്നു. വാക്സിന് ഉപയോഗം കൂടിയപ്പോഴാണ് തമിഴ്നാട്ടില്‍നിന്ന് 5000 വയല്‍ വാങ്ങിയത്. വാക്സിനെടുത്തവരും മരിച്ചതില്‍ റിപ്പോര്‍ട്ട് നല്കാന് സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭിക്കും’ -മന്ത്രി വ്യക്തമാക്കി.

