ഏഷ്യാകപ്പ്: ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

ഷാര്‍ജ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ചിരുന്ന അഫ്ഗാന്‍ ഇന്നലെ ബംഗ്‌ളാദേശിനെ ഏഴുവിക്കറ്റിനാണ് കീഴടക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. അഫ്ഗാന്‍ ഒന്‍പത് പന്തുകളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്‍ ദ്വയം മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനും ചേര്‍ന്നാണ് ബംഗ്‌ളാദേശിന്റെ മുന്‍നിരയെയും വിരട്ടിക്കളഞ്ഞത്. 28 റണ്‍സെടുക്കുന്നതിനിടെ നാലു മുന്‍നിരവിക്കറ്റുകളാണ് ബംഗ്‌ളാദേശിന് നഷ്ടമായത്. മുഹമ്മദ് നയീം(6),അനാമല്‍ ഹഖ് (5), ഷാക്കിബ് അല്‍ഹസന്‍ (11) എന്നിവരെ മുജീബ് പുറത്താക്കിയപ്പോള്‍ മുഷ്ഫിഖുര്‍ റഹിം(1), മഹ്മൂദുള്ള (25), അഫീഫ് ഹസന്‍ (12) എന്നിവരെ റാഷിദ് മടക്കി അയക്കുകയായിരുന്നു. മഹ്ദി ഹസന്‍(14) റണ്‍ഔട്ടായി.31 പന്തില്‍ പുറത്താകാതെ 48 റണ്‍സ് നേടിയ മൊസാദെക്ക് ഹൊസൈനാണ് ബംഗ്‌ളാദേശിനെ 100 കടത്തിയത്.

മറുപടിക്കിറങ്ങിയ അഫ്ഗാനുവേണ്ടി പുറത്താകാതെ 43 റണ്‍സടിച്ച നജീബുള്ള സദ്രാനും 42 റണ്‍സടിച്ച ഇബ്രാഹിം സദ്രാനും ചേര്‍ന്നാണ് വിജയമൊരുക്കിയത്.