ബിജെപിയിലേക്ക് പോകാനല്ല രാജിയെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ഗുലാം നബി ആസാദ്. താൻ ബിജെപി അംഗത്വം സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുലാം നബി ആസാദ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചത്.

താൻ ജമ്മു കശ്മീരിലേക്ക് പോകും. സംസ്ഥാനത്ത് തന്റെ സ്വന്തം പാർട്ടി രൂപീകരിക്കും. ദേശീയ സാദ്ധ്യത പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് മുഴുവൻ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായി വലിയ ബഹുമാനമുണ്ട്. ഇവിടെ താൻ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. കോൺഗ്രസിന്റെ തകർച്ചയെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്ന് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു. മുതിർന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തിൽ വിമർശിക്കുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ രാഹുൽ ഗാന്ധി തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.