ടെക്‌നോപാര്‍ക്ക് ടോറസ് ഡൗണ്‍ടൗണ്‍ പ്രോജക്റ്റില്‍ വന്‍ അഴിമതിയെന്ന് പി.സി ജോര്‍ജ്; മുഖ്യമന്ത്രിക്കെതിരെയും ആരോപണം

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി ജോര്‍ജ് രംഗത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസടക്കം ബാംഗ്ലൂരിലേക്ക് മാറ്റിയാല്‍ ഡൗണ്‍ടൗണ്‍ അഴിമതിയില്‍ ശക്തമായ തെളിവ് നേരിട്ട് നല്‍കുമെന്ന് പി.സി പറഞ്ഞു.

പി.സി ജോര്‍ജ് പറഞ്ഞത്

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റില്‍ വന്‍ അഴിമതി അരങ്ങേറി. ഫാരീസ് അബൂബക്കറിനും അഴിമതിയില്‍ കൃത്യമായ പങ്കുണ്ട്. ടെക്‌നോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പ് ചെന്നൈയ്ക്ക് പന്ത്രണ്ടേക്കര്‍ ഭൂമിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ചതിലും അഴിമതി നടന്നു. അന്ന് ഐ.ടി.സെക്രട്ടറിയായിരുന്ന ശിവശങ്കറിനും, ഫാരിസ് അബൂബക്കറിനും, വീണ വിജയനും അഴിമതികളില്‍ പങ്കുണ്ട്.

2014ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് എല്‍.എല്‍.സിയുമായി ചേര്‍ന്ന് ‘ടെക്‌നോപാര്‍ക്ക് ഡൗണ്‍ടൗണ്‍’ എന്ന പേരില്‍ ഒരു പദ്ധതി വിഭാവനം ചെയ്തു. 90 വര്‍ഷക്കാലത്തേക്ക് 19.73 ഏക്കര്‍ ഭൂമി ടോറസ് കമ്പനിക്ക് പാട്ടത്തിന് നല്‍കി. 55 ലക്ഷം സ്‌ക്വയര്‍ഫീറ്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനും അതില്‍ 33 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി. അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബാക്കി 22 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ഹോട്ടല്‍ സമുച്ചയം, പാര്‍പ്പിട സമുച്ചയം, മറ്റ് കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, 2015 സെപ്റ്റംബര്‍ 29ന് ഈ പദ്ധതിയില്‍ വലിയ നിഗൂഢതകള്‍ ഉണ്ടെന്നും ഇതിന്റെ കരാറും അനുബന്ധ രേഖകളും പ്രസിദ്ധീകരിക്കണം എന്നും അന്നത്തെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഈ പദ്ധതിയ്‌ക്കോ, പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കോ പിണറായി അധികാരത്തില്‍ വരുന്നതുവരെ യാതൊരനക്കവും ഉണ്ടായില്ല.

2016-ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ എത്തുന്നതോടെയാണ് പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കിയത്. വയലും തണ്ണീര്‍ തടവും ആയിരുന്ന സ്ഥലം ടോറസ് കമ്പനിക്ക് അനുവദിച്ച 19.73 ഏക്കര്‍ ഭൂമി ലാന്‍ഡ് കണ്‍വെര്‍ഷനുവേണ്ടി ടെക്‌നോപാര്‍ക്ക് സിഇഒ കൃഷി ഓഫീസര്‍ക്ക് കത്ത് നല്‍കി വെറും 8 ദിവസത്തിനപ്പുറം ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് ഭൂമി വെറ്റ് ലാന്‍ഡ് ആണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം 5/1/2018ല്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ശരിവെച്ചു. അതേ മാസം തന്നെ പതിനാറാം തീയതി അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ഐ.എ.എസ്. ഈ ഭൂമി ടോറസ് കമ്പനിയ്ക്ക് നല്‍കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി 18/1/2018-ല്‍ ജില്ലാ കളക്ടര്‍ കെ. വാസുകി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. അതേമാസം മുപ്പതാം തീയതി ടോറസ് കമ്പനിക്ക് ലാന്‍ഡ് കണ്‍വേര്‍ഷന്‍ നടത്തി സ്ഥലം നല്‍കുന്നതിനായി തീരുമാനം എടുത്തു. അതോടൊപ്പം തന്നെ 2.5 ഏക്കര്‍ ഭൂമി കൂടി അധികമായി നല്‍കി. ഈ വസ്തുവിനെ സംബന്ധിച്ച് 2017 ഡിസംബര്‍ മാസം 26-ആം തീയതി സര്‍ക്കാര്‍ തുടങ്ങിയ നടപടികള്‍ ഭൂമി തരം മാറ്റം ഉള്‍പ്പെടെ കൃത്യം 35 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച് ആ കമ്പനിക്ക് കൈമാറി.

തട്ടിപ്പ് പിടിക്കാന്‍ ഇ.ഡി. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം. ടോറസ് കമ്പനിയും മറ്റ് മൂന്ന് കമ്പനികളും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. Winter fell reality pvt. Ltd, Dorner Reality Pvt. Ltd, Dragon Reality Pvt. Ltd എന്നിവയാണ് ആ കമ്പനികള്‍. ഈ കമ്പനികളുടെ ഇന്‍ കോര്‍പ്പറേഷന്‍ അഡ്രസ് പരിശോധിച്ചപ്പോള്‍ ഇത് മൂന്നും പേപ്പര്‍,ബിനാമി കമ്പനികള്‍ ആണെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. അതില്‍ 2015-ല്‍ രൂപീകരിച്ച Winter Fell Reality Pvt. Ltd എന്ന കമ്പനി ആയിരം കോടിയിലധികം രൂപയാണ് വായ്പ്പയായി കൈപ്പറ്റിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രവര്‍ത്തനം ഒന്നുമില്ലാത്ത കമ്പനിക്ക് എവിടുന്നാണ് ആയിരം കോടിയുടെ ബാങ്ക് വായ്പ ലഭ്യമായത് എന്നും അതെങ്ങനെ ലഭ്യമായെന്ന് അന്വേഷണം നടത്തണം.

അജയ് പ്രസാദ് എന്ന വ്യക്തിക്ക് മേല്‍പ്പറഞ്ഞ ആരോപണ വിധേയരായ വ്യക്തികളുമായി എന്താണ് ബന്ധം എന്ന് അന്വേഷണവിധേയമാക്കേണ്ടതാണ്. Winter Fell Reality Pvt Ltd എന്ന കമ്പനിയുടെ 51% ഷെയറും കൈവശം വെച്ചിരിക്കുന്നത് ടോറസ് ട്രാവന്‍കൂര്‍ ഹോള്‍ഡിങ്‌സ്-2 എന്ന കമ്പനിയാണ്. ഇത് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ്. മൗറിഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നല്ലൊരു ശതമാനവും ബിനാമി കമ്പനികള്‍ ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയും, അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മേല്‍പ്പറഞ്ഞ വ്യക്തികളുമായുള്ള ബന്ധം ബോധ്യപ്പെടും.