കെ എം ബഷീറിന്റെ മരണം; പോലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി, സിബിഐയ്ക്കും നോട്ടീസ് അയച്ചു

കൊച്ചി: മാദ്ധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ. വിഷയത്തിൽ പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി. സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു.

ഹർജി ഓണാവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ബഷീറിന്റെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിനെ മന:പൂർവം കൊലപ്പെടുത്തിയതാണെന്ന് ഹർജിയിൽ പറയുന്നു.

കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാമിനുള്ള ബന്ധത്തെക്കുറിച്ച് ബഷീറിന്റെ പക്കൽ തെളിവുകളുണ്ടായിരുന്നു. കൊല്ലപ്പെട്ട ദിവസം ബഷീർ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് മടങ്ങുന്ന വഴി ഒരു കോഫി ഷോപ്പിനു സമീപത്തു വച്ച് സംശയകരമായ സാഹചര്യത്തിൽ ശ്രീറാമിനെയും വഫയെയും കണ്ടെന്നും ഇതു മൊബൈലിൽ പകർത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ മനപ്പൂർവം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതാണെന്നും ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം.

നിലവിൽ കേസിൽ നടക്കുന്ന അന്വേഷണം ഫലപ്രദമല്ല. ബഷീറിന് രണ്ടു മൊബൈലുകൾ ഉണ്ടായിരുന്നു. ഇതിലൊന്നു മാത്രമാണ് തിരിച്ചു കിട്ടിയത്. റെഡ് മി കമ്പനിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചുവെന്നതിനു തെളിവാണിത്. പ്രതി മദ്യപിച്ചിരുന്നോ എന്ന പരിശോധന നടത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും ഹർജിയിൽ വിശദമാക്കുന്നു.