രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാനാണ് കണ്ണൂർ വൈസ് ചാൻസലറുടെ ശ്രമം; വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കണ്ണൂർ വൈസ് ചാൻസലർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാനാണ് വൈസ് ചാൻസലറുടെ ശ്രമമെന്നാണ് ഗവർണറുടെ ആരോപണം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

കണ്ണൂർ വിസിയ്ക്ക് നിയമം പ്രധാനം അല്ല. വിസി പാർട്ടി കേഡറാണെന്നും അദ്ദേഹം വിമർശിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണ്. പ്രഥമ ദൃഷ്ട്യ പരാതി നില നിൽക്കുന്നത് കൊണ്ടാണ് സ്റ്റേ ചെയ്തത്. എല്ലാവരെയും നേരിട്ട് വിളിപ്പിക്കും. അതിനു ശേഷം നടപടി ഉണ്ടാകും. പ്രിയ വർഗീസിന് അഭിമുഖത്തിന് വിളിക്കാൻ പോലും യോഗ്യത ഇല്ല. റെഗുലേഷൻ അനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്കില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ചട്ട പ്രകാരമാണ് കണ്ണൂർ വിസി നിയമനത്തിന് സെർച് കമ്മിറ്റി ഉണ്ടാക്കിയത്. മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിൽ എത്തി വിസിയ്ക്ക് പുനർ നിയമനം ആവശ്യപ്പെട്ടു. പാനൽ വരട്ടെ പരിഗണിക്കാം എന്ന് മറുപടി നല്കി. വെയിറ്റെജ് നൽകാം എന്ന് പറഞ്ഞു. സെർച് കമ്മിറ്റി റദ്ദാക്കാമെന്നു എജി ഉപദേശം നൽകി. സർക്കാരുമായി നല്ല ബന്ധം തുടരാൻ അന്ന് ആഗ്രഹിച്ചു. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടത് മുതൽ ആണ് ചാൻസലറായി തുടരേണ്ടെന്ന് തീരുമാനിച്ചതെന്നും സർക്കാർ ഇടപെടൽ ഇനി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ ആണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.