ഉദ്ഘാടനം കഴിഞ്ഞിട്ടും പ്ലേ സ്റ്റോറില്‍ എത്താതെ ‘കേരള സവാരി’ ആപ്പ്

രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ ‘കേരള സവാരി’യുടെ ആപ്പ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആപ്പ് ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ലഭ്യമാകുമെന്ന് അറിയിപ്പുകള്‍ ഉണ്ടായെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി പദ്ധതിയായ കേരള സവാരിയില്‍ നിരവധി പേരാണ് നിലവില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിതമായ നിരക്കില്‍ ജനങ്ങള്‍ക്കു ഓട്ടോ, ടാക്‌സികളില്‍ യാത്രസാധ്യമാക്കുക എന്നതാണ് കേരളം സവാരി പദ്ധതിയിലൂടെ ലക്ഷ്യമെന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി ഓട്ടോ – ടാക്‌സി ഡ്രൈവരുമാരും ആപ്പ് കാത്തിരിപ്പാണ്.

എന്നാല്‍, ഗൂഗിളിന്റെ സുരക്ഷാ പരിശോധന കഴിയാത്തതു കൊണ്ടാണ് ആപ്പ് വൈകുന്നതിനു കാരണമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിച്ചു. ഗൂഗിളുമായി ഇ-മെയില്‍ വഴി മാത്രമാണ് ബന്ധപ്പെടാന്‍ സാധിക്കുന്നത്. അതിനാല്‍, ആപ്പ് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കൃത്യമായ മറുപടി അധികൃതര്‍ക്കും ഇല്ല. കേരള സവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. ശേഷം സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.