മന്ത്രി രാജീവിനെ വാഹനത്തില്‍ ചുറ്റിച്ചെന്ന സംഭവം; സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: വ്യവസായ മന്ത്രി രാജീവിന്റെ കോപത്തില്‍ സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള മെഡല്‍ പ്രഖ്യാപനത്തില്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് മെഡലിന് അര്‍ഹനായത്. മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്നായിരുന്നു ഉദ്യോഗസ്ഥന് നേരെയുള്ള ആരോപണം.

അതേസമയം, തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ മന്ത്രിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഇതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധം ഉയരുമ്‌ബോഴാണ് ഉദ്യോഗസ്ഥന് ഈ അംഗീകാരം ലഭിക്കുന്നത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം. പള്ളിച്ചല്‍ മുതല്‍ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍, ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മന്ത്രി ആവശ്യപ്പെട്ടില്ലെന്നാണ് പി രാജീവിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്.