‘ആസാദ് കാശ്മീര്‍’എന്നെഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം; പ്രതികരണവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കെ.ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീര്‍’എന്നെഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന്‍ 1623 ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി വിശ്രമ കേന്ദ്രത്തിന്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്റു പ്രശ്‌നത്തില്‍ ഇടപെട്ടു. 1963 ഡിസംബര്‍ 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്‌റു രാജ്യത്തിന് ഉറപ്പ് നല്‍കി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവര്‍ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ”ഹസ്റത് ബാല്‍’ മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്‌റത്ത് ബാല്‍ പള്ളിയില്‍ തിരുകേശം വലിയ അടച്ചുറപ്പില്‍ മുകള്‍ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് ഹസ്‌റത്ത് ബാല്‍ മസ്ജിദ്.’

അതേസമയം, ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജലീലിന് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.