ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ; സത്യവാചകം ചൊല്ലിയത് ദൈവനാമത്തിൽ

ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിൽ ഹിന്ദിയിലായിരുന്നു ധൻകർ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ രാഷ്ട്രപതി രാംനാഥ്‌കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

2019 ലാണ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിന്റെ പേരിൽ അദ്ദേഹം മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. കർഷക കുടുംബത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. 1990 ൽ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. 1993 ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽ നിന്നു നിയമസഭയിലെത്തി. 2003 ൽ ആണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുന്നത്.