കാലടി സംസ്‌കൃത സർവകലാശാലയിലെ ഗ്രേസ് മാർക്ക് വിവാദത്തിൽ ഇടപെടാൻ ഗവർണർ

തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിലെ ഗ്രേസ് മാർക്ക് വിവാദത്തിൽ ഇടപെടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്എഫ്ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്‌കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ് ചാൻസലർ ഒപ്പിട്ടു സർട്ടിഫിക്കറ്റ് നൽകിയതായുള്ള ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി.

ബിഎ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനിയെ ഗ്രേസ് മാർക്ക് നൽകി ജയിപ്പിക്കാൻ വിസി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. ഇതിലൂടെ 10 മാർക്ക് ആണ് ലഭിച്ചത്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർട്ടിഫിക്കറ്റ് നൽകിയത്. സർവകലാശാല എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് എൽസ ജോസഫിനാണ് വ്യാജ ഗ്രേസ് മാർക്ക് നൽകി ബിരുദ പരീക്ഷയിൽ ജയിപ്പിക്കാൻ ശ്രമം നടത്തിയത്. യുവജനോത്സവത്തിന്റെ ഗ്രേസ് മാർക്കാണ് എൽസയ്ക്ക് സർവകലാശാല നൽകിയത്. യുവജനോത്സവത്തിൽ എൽസ പങ്കെടുത്തിരുന്നില്ല. എന്നാൽ മലയാളം സ്‌കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചന്നൊണ് സർവകലാശാല നൽകിയ സർട്ടിഫിക്കറ്റിൽ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട രേഖകളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്.

എൽസ പങ്കെടുത്തെന്ന് പറയുന്ന സ്‌കിറ്റിലെ വിജയികളാണ് സംഭവത്തിൽ സർവകലാശാലയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്. എസ്എഫ്ഐ നേതാവിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കത്ത് നൽകി. പിന്നാലെ വിഷയം സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു.